Saturday, June 21, 2008

പിരിയാതിരിയ്ക്കാം നമുക്ക്?

പിരിയുവതെന്തിനു നാം, പ്രിയ സഖി കാതറൈന്‍?
നിലാവിനിയും വരില്ലയെന്നോ
നറുപുഞ്ചിരി വീണ്ടും വിടരില്ലയെന്നോ!

പിരിയുവതെന്തിനു നാം, പ്രിയ സഖി കാതറൈന്‍?
കാതങ്ങളേറെയുണ്ടെന്നാലും
നടന്നൊപ്പമെത്താന്‍ പ്രായം കഴിഞ്ഞുവെന്നോ!

പിരിയുവതെന്തിനു നാം, പ്രിയ സഖി കാതറൈന്‍?
പുലരിയില്‍ നിന്‍ കളഭാഷണം
ഹന്ത! കലഹമായെന്നുമേ മാറുമെന്നോ!

പ്രിയസഖി, കൂടെ നീ നില്‍ക്കുക,
നമുക്കല്പാല്പമീ കന്മതില്‍ പൊളിയ്ക്കാം
അന്യോന്യം നടന്നെത്താം,

ഒരേചിരിയിലലിയാം
ഒരൊറ്റ കണ്ണുനീര്‍ത്തുള്ളിയിലുപ്പാകാം
ഒരുമിച്ചു വിയര്‍പ്പില്‍ വിളയാം

നിലാവിനിയും വരുമായിരിക്കും സഖീ
നറുപുഞ്ചിരി നിന്‍ മുഖം ദീപ്തമാക്കും
നല്‍ചിരിയിലെന്‍ സന്താപം ബാഷ്പമാകും

പുലരി വരുവായ്
മെല്ലെ ഞാന്‍ കണ്‍കള്‍ തുറക്കവേ
പ്രഭാപൂരമായ് നീ മുന്നില്‍ തെളിഞ്ഞിടട്ടേ.

3 comments:

  1. നിലാവിനിയും വിടരും
    നറുപുഞ്ചിരി വീണ്ടും വിടരും
    നമുക്ക് അങ്ങനെ ആശിക്കാം....

    ReplyDelete
  2. പ്രിയസഖി, കൂടെ നീ നില്‍ക്കുക,നമുക്കല്പാല്പമീ കന്മതില്‍ പൊളിയ്ക്കാംഅന്യോന്യം നടന്നെത്താം,

    um...:)

    ReplyDelete