Monday, October 22, 2007

ഓര്‍മ്മയിലുള്ളത്

വിരഹിയാം കാറ്റും ഞാനും ഇപ്പുഴയും
എത്രമേല്‍ പുരാതനം നിന്നോര്‍മ്മയും
കൂട്ടിരിപ്പൂ വീണ്ടും ഒരു ഡിസംബറിന്‍ രാത്രിയില്‍
ഓര്‍മ്മയുണ്ടോ, പ്രിയസഖി കാതറൈന്‍?

പ്രണയിനീ, നമ്മളീപ്പുഴയുടെയക്കരെ
മറ്റൊരു രാവിലേകാന്തമാം സ്വപ്നസൌധം പണിഞ്ഞതും
അന്യോന്യം ഗാഢഗാഢം പുണര്‍ന്നതും,
വേപഥു പൂണ്ടതും
പുതുഹിമധൂളിയില്‍ കുളിര്‍ന്നതും
“ആഹാ വിന്റര്‍“ എന്നാര്‍ത്തതും
നമ്മളല്ലയോ

പ്രണയിനി കാതറൈന്‍,
എന്തുകൊണ്ടെന്നടുത്തില്ലനീയിന്നെന്ന
ചോദ്യമൊരിക്കലും ചോദിക്കയില്ല ഞാന്‍
എങ്കിലും,
“എന്തുകൊണ്ടവള്‍ എന്‍ദൈവമേ ദൈവമേ“
എന്നാര്‍ക്കുന്നു നിഷ്ഫലം ഹൃത്തടം.

ഹൃദയം പണ്ടേ നിലച്ചുപോയ് ഓമലേ,
മോഹമുദ്ഗരം തല്ലും താളം കേള്‍പ്പുതാന്‍ നിരന്തരം.
പ്രിയസഖി കാതറൈന്‍, ഞാനോര്‍ക്കുന്നു നിന്നെ
വരുസഖി, വന്നെന്‍ കൈ പിടിക്കുക
ഗാഢം പുണരുക
എന്നെയീ കാണാക്കയം കടത്തുക

No comments:

Post a Comment