Sunday, October 21, 2007

തിരിച്ചു വരവ്

പുനരര്‍പ്പിതം ജീവിതം
ഏകാന്തധന്യം നിമിഷം

പ്രണയിനി കാതറൈന്‍,
നീയിന്നറിയുകയില്ലീ കാതരന്‍ രമണനെ

മാഞ്ഞുപോയ് നഗരവും നിലാവും
നിശ്ശബ്ദ സ്പര്‍ശവും നിശയും വിലാപവും
നിന്‍ സ്നിഗ്ധ മാധുര്യമൂറുന്നൊരോര്‍മ്മയും

മായാത്ത മറയാത്ത പ്രണയം നിറച്ചൊരെന്‍ കാരവന്‍
അയ്യോ! മറഞ്ഞുപോയ് ഏകാന്തമാം മരുഭൂവില്‍.
പ്രണയനൂല്‍ നൂറ്റു ഞാന്‍ തീര്‍ത്തൊരാകംബളം
തൊടുകില്ലൊരിക്കലും നിന്‍ പാദപങ്കജം.
അണിയില്ലൊരിയ്ക്കലും നീ,യെന്‍
ഹൃദയതാപം പഴുപ്പിച്ച കങ്കണം.


എങ്കിലും ഞാനെത്തുന്നു, പ്രണയിനി കാതറൈന്‍.
ഞാനെത്തുന്നിതാ
നിന്‍
നിറമാര്‍ന്നൊരാച്ചെറുചിരികാണുവാന്‍
ചെറുവിരലൊന്നുതൊട്ടുതലോടുവാന്‍
നഷ്ടജീവിതം വീണ്ടും
നിന്‍ സ്നേഹത്തളിര്‍മഴയാല്‍നനയ്ക്കുവാന്‍

പ്രണയിനി കാതറൈന്‍,
ചിരിക്കൂ - മെല്ലെയാ സ്മരണകളെന്നില്‍ പുലരട്ടെ നിശ്ചയം
ചിരിക്കൂ - മെല്ലെ ഞാന്‍ എന്നെയൊന്നൊര്‍ത്തിടട്ടെ.

1 comment:

  1. നഷ്ടപ്രണയത്തിന്റെ തപ്തനിശ്വാ‍സങ്ങളാണ് അല്ലെ ? കൊള്ളാം.

    ReplyDelete