Monday, March 16, 2009

പിള്ളമനസ്സിലെ കുഞ്ഞുകള്ളങ്ങള്‍

ഇതൊരു കുഞ്ഞു മനസ്സിന്റ്റെ കാര്യമാണ്. പിള്ളമനസ്സില്‍ കള്ളമില്ല എന്നുറപ്പിച്ചു വിശ്വസിക്കുന്നവര്‍ക്കു രണ്ടാമതൊന്നു കൂടി ചിന്തിക്കുവാനുള്ള അവസരം ഒരുക്കിത്തരുന്ന ഒരു കാര്യം.

സംഭവം ഇതാണ്. കുഞ്ഞുറോസ് ഞങ്ങളുടെ തൊട്ടടുത്തു താമസിക്കുന്ന കുഞ്ഞാണ്. ഒരു ഒന്നര വയസ്സിനു മേല്‍ പ്രായം വരുന്ന മിടുക്കി. ഒരു കുഞ്ഞു പൂവിന്മേല്‍ ഒരു പൂമ്പാറ്റ വന്നിരുന്നാല്‍ എങ്ങിനെ, അതുപോലെ.

ആളൊരു ചിമിട്ടാണ്. ഭയങ്കര വര്‍ത്തമാനക്കാരി. പ്ലേസ്കൂളിലൊക്കെ പോകുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും കയ്യിലെടുക്കാനുള്ള വേലത്തരങ്ങളും കയ്യിലുണ്ട്.

ഇങ്ങനെയൊക്കെയുള്ള ഒരു മാന്യവ്യക്തിയായതുകൊണ്ടു, ഈ കക്ഷിക്കു ഞങ്ങളുടെ വീട്ടില്‍ നല്ല സ്വാതന്ത്ര്യമാണ്.

അപ്പൊ, പറഞ്ഞുവന്ന കാര്യം ഇതാണു. ഇന്നലെ, ഇദ്ദേഹം അല്പം ന്യായമൊക്കെ പറഞ്ഞു ഞങ്ങള്‍ക്കു കൂട്ടായി ഇരിക്കുകയാണ്. ടപ്പേന്നു എണീറ്റു പോവുന്നു, സ്വന്തം ഫ്ലാറ്റിന്റ്റെ വാതില്‍ പുറത്തുനിന്നു വലിച്ച് അടക്കുന്നു. അതുതന്നെ ഒരു അഭ്യാസമാണ്. ഈ ഇത്തിരിപ്പോന്ന കുട്ടി വാതില്‍ അടക്കുന്നതു കാണാന്‍ തന്നെ ഒരു രസമുണ്ട്. പൊടുന്നനെ വാതില്‍ അടയുന്നതു കണ്ടു കുട്ടിയുടെ അമ്മ വന്നു വാതില്‍ തുറന്നു നോക്കി. കുഞ്ഞുറോസിനതത്ര പിടിച്ചില്ല. അമ്മയെ തള്ളീ അകത്താക്കുന്നു, വീണ്ടും വാതില്‍ വലിച്ചടക്കുന്നു. തൊട്ടടുത്ത ഫ്ലാറ്റിലുണ്ടല്ലോ എന്ന ആശ്വാസത്തില്‍, കുഞ്ഞിന്റ്റെ അമ്മ പിന്നെ പരിഭ്രമിച്ചില്ല. കുഞ്ഞുറോസ് നേരെ ഞങ്ങളുടെ അടുക്കളയിലേക്കു കയറുന്നു. എന്റ്റെ ഭാര്യ ചെറിയ പണികളില്‍ ആണ്. അതേ സമയം തന്നെ, കുഞ്ഞിനെ നോക്കുന്നുമുണ്ട്. പക്ഷെ, കുഞ്ഞുറോസ് അല്പം ഡിസ്റ്റര്‍ബ്ഡ് ആണ്. കുട്ടി വീണ്ടും സ്വന്തം ഫ്ലാറ്റിലേക്കോടി. (ഒരു കുഞ്ഞുകുട്ടി ഓടുന്നതു നോക്കി നിന്നിട്ടുണ്ടോ? ഒരേ സമയം ആഹ്ലാദവും ടെന്‍ഷനും നല്കുന്ന കാര്യം അതുപോലെ മറ്റൊന്നില്ല.) അടഞ്ഞുകിടക്കുന്ന വാതില്‍ വീണ്ടും പരിശോധിച്ചുനോക്കുന്നു. വീണ്ടും കുട്ടിയുടെ അമ്മ വരുന്നു, എന്താണു പ്രശ്നം എന്നന്ന്വേഷിക്കുന്നു, പ്രശ്നമൊന്നുമില്ല എന്നറിഞ്ഞു സദയം വാതില്‍ അകത്തു നിന്നു ചാരിയിടുന്നു. പക്ഷെ കുഞ്ഞുറോസക്കതു പോര. വാതില്‍ പുറത്തുനിന്ന് അവള്‍ക്കുതന്നെ അടക്കണം, പരിശോധിച്ചു തൃപ്തിപ്പെടുകയും വേണം. ഒടുവില്‍, ആ ദൌത്യം എന്റ്റെ ഭാര്യ തന്നെ ഏറ്റെടുത്തു, രണ്ടു പേരും കൂടി വാതില്‍ പുറത്തു നിന്നു വലിച്ചടച്ചു വിജയശ്രീലാളിതരായി തിരിച്ചു വന്നു.

ഇത്രയും തന്നെ ഞങ്ങള്‍ക്കു ചിരിയ്ക്കുവാനുള്ള വലിയൊരവസരം ഒരുക്കിത്തന്നു. പക്ഷെ ചിരിക്കിടയിലും ഞങ്ങള്‍ക്കൊരു കാര്യം മനസ്സിലായില്ല: ഏറ്റവും ഇഷ്ടപ്പെടുന്ന അപ്പയേയും, അമ്മയേയും, ചേട്ടായിയേയും വിട്ടിട്ട്, എന്താണ് ഇദ്ദേഹം പുറത്തുവന്നു സ്വസ്ഥം ഇരിക്കുവാന്‍ ശ്രമിക്കുന്നതു? സാധാരണയായി, ഈ കുരുന്നു ഞങ്ങളുടെ വീട്ടില്‍ ധാരാളമായി വരുന്നതാണ്. പക്ഷെ ഇതിപ്പോളൊരു വത്യസ്തമായാണല്ലൊ ഇദ്ദേഹം പെരുമാരുന്നതു. അധികം കാത്തിരിക്കേണ്ടി വന്നില്ല. കുഞ്ഞുപൂവ് പൂമ്പാറ്റയോടു ഹൃദയം തുറക്കുന്നത്ര സൌമ്യമായും സ്വകാര്യമായും, ഒരു കുഞ്ഞാവശ്യം അവള്‍ മുന്നോട്ടു വച്ചു: “ആന്റ്റീ, ബിക്കറ്റു വേണം”.

ഇതിനായിരുന്നുവോ തുമ്പത്തളിരേ നീയിപ്പ്രാന്തെല്ലാം കാണിച്ചത്? ആഗ്രഹത്തിന്റ്റെ മുളപൊട്ടിയപ്പോള്‍, എന്തായിരുന്നിരിക്കാം അക്കൊച്ചു മനസ്സില്‍ മിന്നിമാഞ്ഞിരിക്കുക? അമ്മ തടയുമെന്നോ? ഇതേ വരെ ഇല്ലാത്ത കാര്യം! അതോ മറ്റാരെങ്കിലും പങ്കു പറ്റുവാന്‍ വരുമെന്നോ? സാധാരണയായി, പങ്കുവയ്ക്കുവാന്‍ ഒരു മടിയും കാണിക്കാത്ത ഒരു കുഞ്ഞാണിത്.

നമുക്കെന്തറിയാം അല്ലെ!

എന്തായാലും, സ്വസ്ഥമായിരുന്നു ബിസ്ക്കറ്റു തിന്നുന്ന കുഞ്ഞിനെ നോക്കി ഞങ്ങള്‍ കുറെ ചിരിച്ചു.

Saturday, March 7, 2009

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക

പോകുവതെങ്ങിനെ ഞാന്‍ നാളെ,
വന്നുഞാന്‍ ചേര്‍ന്നിട്ടില്ലിതേവരെ

നിര്‍ന്നിമേഷം നോക്കുക ഗാഢം:
തളിര്‍മരച്ചില്ലയിലൊരുപുതുകിളുന്തായും
എന്‍ പുതുനികുഞ്ജത്തില്‍ പാടാന്‍തുടങ്ങും
ചിതറും തൂവലെഴും ചെറുകിളിയായും
പൂവിന്നുള്ളിലെപ്പുഴുവായും
കല്ലില്‍ ഗോപ്യമാം രത്നമായും
ഓരോ നിമിഷവുംവരികയാണു ഞാന്‍

ചിരിതൂവാനും കരയാനും,
ഭയത്തിലമരാനും വീണ്ടുമാശയില്‍ തുടിക്കുവാനും
ഇപ്പോഴും വന്നുകൊണ്ടേയിരിക്കയാണു ഞാന്‍

സര്‍വ്വചരങ്ങള്‍തന്‍ ജനിമൃതിയാണെന്‍ ഹൃദയതാളം

ജലപ്പരപ്പില്‍പ്പിറന്നുവീഴുന്നൊരീയ്യലാണു ഞാന്‍
ഈയ്യലിന്മൃതിയായ് പറന്നിറങ്ങുന്ന പക്ഷിയും ഞാനത്രെ!

തെളിനീരില്‍ തുടിച്ചാമോദം വിഹരിക്കും തവള ഞാനാണു
അത്തവളയെനിരങ്കുശം ഭക്ഷിക്കും കൊച്ചുപാമ്പും ഞാനല്ലോ!

ചുള്ളിക്കമ്പുപോല്‍ എന്‍ കാലുകള്‍
ശുഷ്കമാത്രം ശരീരം ഞാന്‍ ഉഗാണ്ഡ തന്‍ ശിശു.
ഉഗാണ്ഡയില്‍ പ്രഹരായുധം വില്‍ക്കും വ്യാപാരിയായും ഞാന് വരും‍!

കടലില്‍ കൊച്ചുവഞ്ചിയില്‍ അഭയം
ആശിക്കും കൊച്ചുപെണ്ണു ഞാന്‍
കടല്‍വെള്ളത്തില്‍ മുക്കിഞാന്‍ കൊന്നു
മാനഭംഗത്തിന്നിരയെ, എന്നെത്തന്നെ.
ഒരു വ്യാഴവട്ടം മാത്രം ജീവിച്ചൊരാക്കൊച്ചുകീടാവിനെ
കാമത്തിരയില്‍ മുക്കിയ കടല്‍ക്കള്ളനും ഞാനാകുന്നു
അറിയാനും ആര്‍ദ്രമാകാനും കഴിയാത്തൊരീ
ഹൃദയമെന്റേതു മാത്രം സ്വന്തം.

അധികാരത്താല്‍ കരം തഴമ്പിച്ച ഞാന്‍
പൊളിറ്റ്ബ്യൂറൊ തന്നിലിന്നംഗം.
ഞങ്ങള്‍ക്കുകിട്ടേണ്ട വീടാക്കടം വീട്ടുവാന്‍
നിര്‍ബന്ധ ലേബര്‍ ക്യാമ്പില്‍ മരണത്തിലേക്കിഴയും
ശാപഗ്രസ്തനാം മനുഷ്യനുമാകുന്നു ഞാന്‍.

എന്നാമോദം വസന്തര്‍ത്തു പോലെ
ഭൂവിലെങ്ങും വിരിയിക്കും പുഷ്പങ്ങളെ, അത്രമേല്‍ സുഖദം
സപ്തസാഗരങ്ങളും നിറയ്ക്കും
അശ്രുപ്രവാഹമാണെന്‍ സന്താപം, അത്രയും അപരിമേയം.

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക
എന്റെയെല്ലാ ചിരിയും കരച്ചിലും കേള്‍ക്കട്ടെ ഞാനങ്ങിനെ
എന്റെ മോദവും താപവും അദ്വൈതമെന്നു ഞാനറിയട്ടെയങ്ങിനെ

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക
ഉണരുമാറാകട്ടെ ഞാന്‍, ദയാവായ്പിന്‍
ഹൃദയവാതായനം തുറക്കാന്‍ കഴിയട്ടെ.


*********************
ഇത് ടിക്-നോട്-ഹാന്‍ (Thich Nhat Hanh) എന്ന ബുദ്ധഭിക്ഷുവിന്റെ Please call me by my true names എന്ന കവിതയുടെ ഒരു സ്വതന്ത്ര തര്‍ജ്ജമയാണു. അദ്ദേഹത്തിന്റേതു ഒരു വളരെ നല്ല കവിതയാണെന്നാണു എന്റെ പക്ഷം. അദ്ദേഹത്തിന്റെ മറ്റു കുറച്ചു കവിതകള്‍ ഇവിടെ
അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ ഇവിടെ.

Wednesday, March 4, 2009

പ്രണയപരാജിതന്റെ കൂട്ടുകാരി

ഞാന്‍ കാതറൈന്‍
പ്രണയം പകുത്തവള്‍, പ്രിയന്റെ കാമിനി
മരുഭൂമിയില്‍ പെയ്ത മഞ്ഞുപോല്‍,
കടലില്‍ വീണ മഴത്തുള്ളിയായ്‍,
ദീപത്തില്‍ നിറയും നല്ലെണ്ണപോലെ
പരാജയത്തില്‍ രുചിച്ച കയ്പായി
ഞാനുണ്ടായിരുന്നു കൂടെ, ഇപ്പോഴില്ലെങ്കിലും.

മഞ്ഞായി ഞാന്‍ വീണതവനെ പുല്‍കുവാന്‍ മാത്രം
കാത്തിരിപ്പില്‍ തപിക്കുന്ന ലോഹമായിരുന്നു അവന്‍.
കപ്പല്‍ച്ചേതം വന്നവനു ദാഹജലമാകാന്‍
കടലോളം ഞാന്‍ ഒഴുകിവന്നു.
കഷ്ടം, വരണ്ട മുഖത്തൊരു തുള്ളി-
ക്കണ്ണീരായി മാത്രം ഞാന്‍ തീറ്ന്നു.

പ്രണയജ്വാലയ്ക്കു
സ്നേഹമായ് ഞാന്‍ നിറഞ്ഞിരുന്നു.
വിശപ്പടങ്ങിയാല്‍ മറപ്പതൊന്നാണീ പ്രണയം
എന്നറിഞ്ഞു.
പടയില്‍ത്തോല്‍ക്കവേ, കയ്ച്ച രുചിയായിരുന്നു ഞാന്‍.
പാവമെന്‍ പ്രിയന്‍
പ്രണയത്തിലാണേറ്റം തോറ്റതും മൂറിഞ്ഞതും.

ഉണ്ടായിരുന്നു ഞാന്‍ കൂടെ, എന്നും,
ഇപ്പൊഴില്ലെങ്കിലും എങ്ങും.