പോകുവതെങ്ങിനെ ഞാന്‍ നാളെ,
വന്നുഞാന്‍ ചേര്‍ന്നിട്ടില്ലിതേവരെ
നിര്‍ന്നിമേഷം നോക്കുക ഗാഢം:
തളിര്‍മരച്ചില്ലയിലൊരുപുതുകിളുന്തായും
എന്‍ പുതുനികുഞ്ജത്തില്‍ പാടാന്‍തുടങ്ങും
ചിതറും തൂവലെഴും ചെറുകിളിയായും
പൂവിന്നുള്ളിലെപ്പുഴുവായും
കല്ലില്‍ ഗോപ്യമാം രത്നമായും
ഓരോ നിമിഷവുംവരികയാണു ഞാന്‍
ചിരിതൂവാനും കരയാനും,
ഭയത്തിലമരാനും വീണ്ടുമാശയില്‍ തുടിക്കുവാനും
ഇപ്പോഴും വന്നുകൊണ്ടേയിരിക്കയാണു ഞാന്‍
സര്‍വ്വചരങ്ങള്‍തന്‍ ജനിമൃതിയാണെന്‍ ഹൃദയതാളം
ജലപ്പരപ്പില്‍പ്പിറന്നുവീഴുന്നൊരീയ്യലാണു ഞാന്‍
ഈയ്യലിന്മൃതിയായ് പറന്നിറങ്ങുന്ന പക്ഷിയും ഞാനത്രെ!
തെളിനീരില്‍ തുടിച്ചാമോദം വിഹരിക്കും തവള ഞാനാണു
അത്തവളയെനിരങ്കുശം ഭക്ഷിക്കും കൊച്ചുപാമ്പും ഞാനല്ലോ!
ചുള്ളിക്കമ്പുപോല്‍ എന്‍ കാലുകള്‍
ശുഷ്കമാത്രം ശരീരം ഞാന്‍ ഉഗാണ്ഡ തന്‍ ശിശു.
ഉഗാണ്ഡയില്‍ പ്രഹരായുധം വില്‍ക്കും വ്യാപാരിയായും ഞാന് വരും!
കടലില്‍ കൊച്ചുവഞ്ചിയില്‍ അഭയം
ആശിക്കും കൊച്ചുപെണ്ണു ഞാന്‍
കടല്‍വെള്ളത്തില്‍ മുക്കിഞാന്‍ കൊന്നു
മാനഭംഗത്തിന്നിരയെ, എന്നെത്തന്നെ.
ഒരു വ്യാഴവട്ടം മാത്രം ജീവിച്ചൊരാക്കൊച്ചുകീടാവിനെ
കാമത്തിരയില്‍ മുക്കിയ കടല്‍ക്കള്ളനും ഞാനാകുന്നു
അറിയാനും ആര്‍ദ്രമാകാനും കഴിയാത്തൊരീ
ഹൃദയമെന്റേതു മാത്രം സ്വന്തം.
അധികാരത്താല്‍ കരം തഴമ്പിച്ച ഞാന്‍
പൊളിറ്റ്ബ്യൂറൊ തന്നിലിന്നംഗം.
ഞങ്ങള്‍ക്കുകിട്ടേണ്ട വീടാക്കടം വീട്ടുവാന്‍
നിര്‍ബന്ധ ലേബര്‍ ക്യാമ്പില്‍ മരണത്തിലേക്കിഴയും
ശാപഗ്രസ്തനാം മനുഷ്യനുമാകുന്നു ഞാന്‍.
എന്നാമോദം വസന്തര്‍ത്തു പോലെ
ഭൂവിലെങ്ങും വിരിയിക്കും പുഷ്പങ്ങളെ, അത്രമേല്‍ സുഖദം
സപ്തസാഗരങ്ങളും നിറയ്ക്കും
അശ്രുപ്രവാഹമാണെന്‍ സന്താപം, അത്രയും അപരിമേയം.
സദയം എന്‍ നേരായപേര്‍ ചൊല്ലി വിളിയ്ക്കുക
എന്റെയെല്ലാ ചിരിയും കരച്ചിലും കേള്‍ക്കട്ടെ ഞാനങ്ങിനെ
എന്റെ മോദവും താപവും അദ്വൈതമെന്നു ഞാനറിയട്ടെയങ്ങിനെ
സദയം എന്‍ നേരായപേര്‍ ചൊല്ലി വിളിയ്ക്കുക
ഉണരുമാറാകട്ടെ ഞാന്‍, ദയാവായ്പിന്‍
ഹൃദയവാതായനം തുറക്കാന്‍ കഴിയട്ടെ.
*********************
ഇത് ടിക്-നോട്-ഹാന്‍ (Thich Nhat Hanh) എന്ന ബുദ്ധഭിക്ഷുവിന്റെ Please call me by my true names എന്ന കവിതയുടെ ഒരു സ്വതന്ത്ര തര്‍ജ്ജമയാണു. അദ്ദേഹത്തിന്റേതു ഒരു വളരെ നല്ല കവിതയാണെന്നാണു എന്റെ പക്ഷം. അദ്ദേഹത്തിന്റെ മറ്റു കുറച്ചു കവിതകള്‍ ഇവിടെ
അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ ഇവിടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment