ഇത്രനാള്‍ നിന്നെ ഞാന്‍ പ്രേമിച്ചിരുന്നതായ്
ചെറ്റുമീ ഭ്രാന്തന്‍ പറഞ്ഞതില്ലോമനേ
നിന്‍ സ്വരം, ഗന്ധം, ദിവ്യദര്‍ശനം
മണല്‍ത്തരികള്‍പോലും കോരി,
ത്തരിക്കും ചലനവും
ജ്വലിതമാക്കിയെന്‍ ഹൃദയത്തെ
പ്രഭാപൂരം നിറച്ചുവെന്‍ ദിനങ്ങളില്‍.
പ്രണയമോ പ്രിയേയിതു,
അല്ലല്ലിതുവെറും കാമം, മാംസബന്ധിതം.
സമ്മോഹനം നിന്‍ ദേഹസാഗരം
നോക്കിക്കുതിക്കുമെന്‍ ദേഹിയാം
പുഴ തന്നാവേഗം.
കടലെന്നെങ്കിലും കാത്തിരിക്കുമോ
കാണാക്കാതങ്ങള്‍ താണ്ടിയിങ്ങെത്തുന്ന പുഴകളെ.
പുഴകള്‍ക്കിതു ജന്മബന്ധനം
സാഗരലക്ഷ്യം നേടാന്‍ കിതക്കുന്നവിരാമം.
ഇല്ലില്ലിതുവെറും കാമം, മാംസബന്ധിതം
പിടഞ്ഞവസാനിക്കുമേതോ മരുഭൂവില്‍
പറയാതെയെന്‍ മനം,
നിന്നെയറിയാതെയൊരിക്കലും
പൂര്‍ണ്ണവിരാമം രുചിക്കുന്നീ
അജ്ഞാത കാമുകന്‍.