Wednesday, December 17, 2008

ഞാന്‍ അതോ ഇതോ (ഒന്നായ നിന്നെയിഹ രണ്ടെന്നു...)

അവര്‍ പറഞ്ഞു, ഞാനേറെ മാറിയിട്ടുണ്ടെന്നു
എനിയ്ക്കു തോന്നുന്നില്ല.
ചുണ്ടില്‍ പറ്റിയ മുലപ്പാലിന്റ്റെ മണം മാറുമോ
അച്ഛന്‍ പകുത്തുതന്ന തലമുടിയില്‍പ്പതിഞ്ഞ
വിരലുകളുടെ പതുപതുപ്പു മാറുമോ
ദൈവം വരച്ചതു മാറുമോ
ഒരുണ്ണിയായ്ഞാന്‍ മുത്തിയ ചെമ്പകപ്പൂവിന്‍നറുമണം
മൂക്കിലുള്ളതെന്നെങ്കിലും മാറുമോ
മനസ്സില്‍പ്പതിഞ്ഞോരെന്‍ ഉണ്ണിമായച്ചേച്ചിതന്‍ മുഖം
മായാതെ മാറാതെയുള്ളിലിന്നും.

മാറിയതെന്മുഖത്തു കാലം വരച്ച മീശയാണു
കണക്കുപുസ്തകം ചികയുമ്പോള്‍ കൊഴിയുന്ന മുടിയാണു
ആഘോഷങ്ങളിലെ കോഴിയും മദ്യവും വലുതാക്കുന്ന
വയറിന്റ്റെ ചുറ്റളവാണു.
ഓരോ ബന്ദിനും കാണുന്ന നീലപ്പടങ്ങള്‍
കന്മഷം കലറ്ത്തുന്നൊരാച്ചിന്തയാണു.
നേതാവു ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങള്‍
ഏറ്റുചൊല്ലുന്നൊരാ നാവാണു.
മാറിയതു നടന്നുതീറ്ത്ത വഴികളാണു.
കാറില്‍പ്പോകുമ്പോള്‍
ചെളിയില്‍ വീഴാതിരിക്കാന്‍ റോഡില്‍ നടക്കുന്നവനെ
തെണ്ടിയെന്നു വിളിയ്ക്കുന്ന മനസ്സാണു.

ഇല്ല ഞാന്‍ മാറിയില്ല, ഞാന്‍ മാറിയിട്ടേയില്ല.
ഞാനല്ല മാറിയതു.
മാറിയതു ഞാനാണു, ഞാന്‍ മാത്രമാണു.
സുഹൃത്തേ,
അതാണോ ഞാന്‍? ഇതാണോ?

1 comment:

  1. പെട്ടെന്നു തോന്നി, പെട്ടെന്നെഴുതിയത്. വരികള്‍ക്കുവേണ്ടി കാത്തുനില്‍ക്കെണ്ടി വന്നില്ല. പരിചയമുള്ളൊരാള്‍ “മാറിപ്പോയി” എന്നു പരിചയം പുതുക്കിയതിന്റ്റെ ബാക്കിയാണിതു.

    ReplyDelete