Sunday, August 23, 2009

പുഴ പോലൊഴുകുവാന്‍ ഞാനെന്നും

ഇത്രനാള്‍ നിന്നെ ഞാന്‍ പ്രേമിച്ചിരുന്നതായ്
ചെറ്റുമീ ഭ്രാന്തന്‍ പറഞ്ഞതില്ലോമനേ

നിന്‍ സ്വരം, ഗന്ധം, ദിവ്യദര്‍ശനം
മണല്‍ത്തരികള്‍പോലും കോരി,
ത്തരിക്കും ചലനവും

ജ്വലിതമാക്കിയെന്‍ ഹൃദയത്തെ
പ്രഭാപൂരം നിറച്ചുവെന്‍ ദിനങ്ങളില്‍.

പ്രണയമോ പ്രിയേയിതു,
അല്ലല്ലിതുവെറും കാമം, മാംസബന്ധിതം.
സമ്മോഹനം നിന്‍ ദേഹസാഗരം
നോക്കിക്കുതിക്കുമെന്‍ ദേഹിയാം
പുഴ തന്നാവേഗം.

കടലെന്നെങ്കിലും കാത്തിരിക്കുമോ
കാണാക്കാതങ്ങള്‍ താണ്ടിയിങ്ങെത്തുന്ന പുഴകളെ.
പുഴകള്‍ക്കിതു ജന്മബന്ധനം
സാഗരലക്ഷ്യം നേടാന്‍ കിതക്കുന്നവിരാമം.

ഇല്ലില്ലിതുവെറും കാമം, മാംസബന്ധിതം
പിടഞ്ഞവസാനിക്കുമേതോ മരുഭൂവില്‍
പറയാതെയെന്‍ മനം,
നിന്നെയറിയാതെയൊരിക്കലും
പൂര്‍ണ്ണവിരാമം രുചിക്കുന്നീ
അജ്ഞാത കാമുകന്‍.

Tuesday, August 18, 2009

കൂട്ട്

മരണത്തിലേക്കു നമുക്കൊരു കൂട്ടുണ്ടാകില്ലെന്നു അയാള്‍ പറഞ്ഞു.
ജീവിതത്തിലും കൂട്ടു പിഴച്ചവനു
നടുങ്ങുവാനും മാത്രം
ഗൌരവമായ ഒരു സത്യമല്ലായിരുന്നു അതു.

ദു:ഖം, മാളത്തില്‍ നിന്നു പുറത്തു വരാന്‍ കാത്തുകിടക്കുന്ന
അനക്കോണ്ടയാണെന്നും അയാള്‍ക്കറിയാമായിരുന്നു.
നിനച്ചിരിയാതെ പുറത്തു വരികയും
വരിഞ്ഞുമുറുക്കുകയും...

ദു:ഖത്തിനു മുന്‍പാണോ ശേഷമാണോ മൌനം
എന്നതു സന്ദിഗ്ധമായിരുന്നു
ഈ മൌനം മരണം തന്നെയാണെന്നു
അയാള്‍ പിറുപിറുത്തു.

മൌനത്തിലൊരിക്കലും കൂട്ടുണ്ടാകില്ലെന്നു
അയാളോടു ദൈവം കല്പിച്ചിട്ടുണ്ടായിരുന്നു.