Friday, December 11, 2009

ഒരുകരയില്‍നിന്നു നോക്കുമ്പോള്‍

ഇരുകരകള്‍ക്കു മദ്ധ്യേ
ശാന്തമായൊഴുകുമീപ്പുഴയില്‍ നിറച്ചും
മേഘഗര്‍ജ്ജനം, ഒപ്പം ദ്യുതിയും

ഒറ്റയായിരിപ്പൂ നമ്മളിരുവരും രണ്ടുകരകളില്‍
ഇടയിലൊഴുകുമീപ്പുഴയില്‍ നിറച്ചും
വിഷാദം, ഉപ്പും കണ്ണുനീരും.

ഒരുകൊച്ചുകല്ലെടുത്തെറിഞ്ഞുനോക്കു
പുളകങ്ങള്‍നല്‍കുന്നൊരോളമാണോ ഫലം
പ്രളയമാണോ അതോ അഗ്നിവര്‍ഷമാണോ.

വസന്തം പോലും കാമിച്ചൊരീക്കൊച്ചോളങ്ങള്‍
ഇത്ര കലങ്ങുവാനെന്തേ
അറിവതില്ലോമലേ.

ഒരിക്കലെങ്കിലും ഓര്‍ത്തുവോ, സഖി
ഇക്കരയില്‍ ഞാനെത്രയേകനെന്നു
പുഴയില്‍ നോക്കിയെത്ര മാഴ്കുന്നുവെന്നു

സഹനദീപം കെട്ടുപോയല്ലോ
നശിച്ചുപോകട്ടെയിന്നീപരീക്ഷണം
എന്നെത്രമാത്രം നമ്മളാഗ്രഹിച്ചീടിലും

വരളല്ലെയിക്കൊച്ചുനീര്‍ച്ചാല്‍ -
ഭയാനകമെങ്കിലും, അതില്‍ -
ഒഴുക്കിന്നുമുണ്ടു, വിദൂരസുന്ദരദിനങ്ങളിലെന്നപോലെ.

വരളല്ലെയിക്കൊച്ചുനീര്‍ച്ചാല്‍
ഇതുവെറും പുഴയല്ലെനിക്കെന്റെ
ഹൃദയം തുറന്നിട്ട ചോരയാണു.