Thursday, July 10, 2008

മഴയില്‍ നനയുവാന്‍ നീ വീണ്ടും വരിക

പ്രിയ കാതറൈന്‍,
മഴ തോര്‍ന്നൊരിച്ചെറുതൊടിയിലൂടൊത്തിരി
മൌനം പുതച്ചു നാം
നടന്നതോര്‍മ്മയുണ്ടോ സഖീ

ചെറുമരമൊന്നുലഞ്ഞതും
നിന്‍ തളിര്‍മെയ് നനഞ്ഞതും
കാറ്റില്‍ കുളിര്‍ന്നതും സഖി,
മറക്കുവതെങ്ങിനെ ഞാന്‍?

പാതിവിരിഞ്ഞു കൊഴിഞ്ഞൊരാ ചെമ്പക-
പ്പൂക്കളെ നീ മെല്ലെ വാരിയെടുക്കവേ
തിങ്കള്‍ചേലൊത്ത നിന്‍ മുഖവും കാര്‍മുടിയും കണ്ടെന്‍
ചങ്കൊന്നു മെല്ലെത്തുടിച്ചതറിഞ്ഞുവോ

അറിഞ്ഞിട്ടെന്തേ നാം പറഞ്ഞീലന്യോന്യം
നഷ്ടമീ നമ്മള്‍ക്കു മാത്രം സഖീ
ഇത്തൊടിയിലത്രമേല്‍ ഹര്‍ഷം നല്‍കാ‍ന്‍
ഒരു ചെറുവര്‍ഷം പോലും വന്നീലിതുവരെ.

ഇന്നും തുടിക്കുന്നിതെന്നിലെന്‍
ഹൃദയമോ, പറയാതെ പോയൊരു പ്രണയമോ
എഴുതാതെ വിട്ടൊരു കാവ്യമോ, ഇന്നു
നീ അരികിലില്ലെന്ന സന്താപമോ!

കാതറൈന്‍,
വരിക വീണ്ടും, വിജനമാണിത്തൊടി
ഒരു മഴ വീണ്ടും നമുക്കായി വീഴട്ടെ
പ്രണയം തളിര്‍ക്കട്ടെ, എന്നേയ്ക്കുമായ്.