Thursday, July 10, 2008

മഴയില്‍ നനയുവാന്‍ നീ വീണ്ടും വരിക

പ്രിയ കാതറൈന്‍,
മഴ തോര്‍ന്നൊരിച്ചെറുതൊടിയിലൂടൊത്തിരി
മൌനം പുതച്ചു നാം
നടന്നതോര്‍മ്മയുണ്ടോ സഖീ

ചെറുമരമൊന്നുലഞ്ഞതും
നിന്‍ തളിര്‍മെയ് നനഞ്ഞതും
കാറ്റില്‍ കുളിര്‍ന്നതും സഖി,
മറക്കുവതെങ്ങിനെ ഞാന്‍?

പാതിവിരിഞ്ഞു കൊഴിഞ്ഞൊരാ ചെമ്പക-
പ്പൂക്കളെ നീ മെല്ലെ വാരിയെടുക്കവേ
തിങ്കള്‍ചേലൊത്ത നിന്‍ മുഖവും കാര്‍മുടിയും കണ്ടെന്‍
ചങ്കൊന്നു മെല്ലെത്തുടിച്ചതറിഞ്ഞുവോ

അറിഞ്ഞിട്ടെന്തേ നാം പറഞ്ഞീലന്യോന്യം
നഷ്ടമീ നമ്മള്‍ക്കു മാത്രം സഖീ
ഇത്തൊടിയിലത്രമേല്‍ ഹര്‍ഷം നല്‍കാ‍ന്‍
ഒരു ചെറുവര്‍ഷം പോലും വന്നീലിതുവരെ.

ഇന്നും തുടിക്കുന്നിതെന്നിലെന്‍
ഹൃദയമോ, പറയാതെ പോയൊരു പ്രണയമോ
എഴുതാതെ വിട്ടൊരു കാവ്യമോ, ഇന്നു
നീ അരികിലില്ലെന്ന സന്താപമോ!

കാതറൈന്‍,
വരിക വീണ്ടും, വിജനമാണിത്തൊടി
ഒരു മഴ വീണ്ടും നമുക്കായി വീഴട്ടെ
പ്രണയം തളിര്‍ക്കട്ടെ, എന്നേയ്ക്കുമായ്.

5 comments:

 1. ഇനി വരുമ്പോഴെങ്കിലും കാതെരീനോട് പറയണം..സ്നേഹമാണെന്ന്..

  ReplyDelete
 2. അറിയാതെ സ്നേഹം ഉറവയെടുത്തു പൊകുന്നു വായിക്കുമ്പോള്‍. കവിത നന്നായി ചേര്‍ന്നു വന്ന ആദ്യ കമ്മന്റിലും കവിത നിറഞ്ഞു. മഴയില്‍ നനയുവാന്‍ മാത്രമായി ക്ഷെണിക്കാതിരുന്നു കൂടെ...?

  ReplyDelete
 3. ഇതു വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ എന്റെ പ്രണയം ഓര്‍ത്തുപോയി...എന്നെ ഒരിക്കല്‍ കൂടി വിഷമിപ്പിച്ചറ്റിന് നന്ദി....

  ഇവിടെ ഇതാ എന്റെ പ്രണയവും മഴയും ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയ വരികള്‍...വായിച്ചു നോക്കൂ...

  നവിലഹള്ളിയിലെ
  വിരസമായ രാത്രിയിലേക്ക്‌
  മഴമേഘങ്ങള്‍ പറന്നു വന്നു
  പിന്നെയവ
  ഇരുള്‍മഴയായ്‌ പെയ്തിറങ്ങി


  നിഴലും വെളിച്ചവും വീണുകിടക്കുന്ന
  തെരുവുകളിലേക്ക്‌
  ഗ്രാമങ്ങളിലെ മേല്‍ക്കൂരകളിലേക്ക്‌
  പാതയോരത്തെ മരങ്ങളിലേക്ക്‌
  മഴ തുള്ളികളായ്‌ പൊഴിഞ്ഞു വീണു


  വിദൂരദിനങ്ങളിലെ മഴക്കാലസന്ധ്യകള്‍
  ഞാന്‍ വെറുതെ ഓര്‍ത്തു പോയി
  അന്നെന്റെ ഹൃദയം
  പ്രണയാര്‍ദ്രമായിരുന്നു
  മഴയോടു പോലും എനിക്കു പ്രണയമായിരുന്നു


  എന്നാലിന്നു മഴ പെയ്യുമ്പോള്‍
  എന്റെ ഹൃദയം വിരഹാര്‍ദ്രമാണു
  എന്റെ ജീവിതത്തിലെ
  ഏറ്റവു നല്ല ദിനങ്ങല്‍
  അവള്‍ കൂടെ കൊണ്ടുപോയി


  ആ മഴക്കാലസന്ധ്യകള്‍
  സ്വപ്നങ്ങളുടെ പ്രണയകാലം
  അതിന്റെ നൊമ്പരങ്ങള്‍
  ഒന്നും തന്നെ
  ഇനിയൊരിക്കലും തിരിച്ചു വരില്ല


  രാത്രിയുടെ അഗാധതയിലേക്ക്‌
  മഴ തിമിര്‍ത്തു പെയ്തുകൊണ്ടേയിരുന്നു
  ഇരുളടഞ്ഞ ഈ മുറിയില്‍
  ഓര്‍മ്മകളുടെ തടവറയില്‍
  ഞാനിപ്പോള്‍ ഏകനാണു......

  സസ്നേഹം,

  ശിവ.

  ReplyDelete
 4. സ്മിത, അവള്‍ വീണ്ടും വന്നിരുന്നു. ഒരിക്കലും എന്നടുത്തുനിന്നു പോകാതെ തന്നെ ദിനവും എന്നിലേക്കവള്‍ ഒഴുകിയെത്തുന്നുണ്ട്.

  ഷിഹാബ്, കവിത നന്നായി എന്നു പറഞ്ഞതിനു നന്ദി.

  ശിവ, താങ്കളുടെ കവിത വായിച്ച് വല്ലാണ്ടായി. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെ എഴുതിയതിനു നന്ദി.

  ReplyDelete
 5. ഒരു മഴ വീണ്ടും നമുക്കായി വീഴട്ടെ
  പ്രണയം തളിര്‍ക്കട്ടെ,
  ആശംസകള്‍...

  ReplyDelete